ലക്ഷോപലക്ഷം സംഗീതാരാധകരെ ദുഃഖത്തിലാഴ്ത്തി കടന്നു പോയ വിഖ്യാത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് സംഗീതമെന്ന പ്രിയമാധ്യമത്തിലൂടെയുള്ള ആദരസമർപ്പണമായി രൂപപ്പെട്ട ‘അഞ്ജലി, പ്രാണാഞ്ജലി’ എന്ന ഗാനമാണ് പകർപ്പവകാശം സംബന്ധിച്ച പരാതിയെത്തുടർന്ന് യൂട്യൂബിൽ നിന്ന് പിൻവലിച്ചത്. പാട്ടിനിടയിൽ നൽകിയ 15 സെക്കൻഡിനു താഴെയുള്ള എസ്.പി ബി യുടെ ഒരു അഭിമുഖ ഭാഗം തങ്ങളുടെ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നാരോപിച്ച് മലേഷ്യയിലെ ഒരു പ്രാദേശിക യൂ ട്യൂബ് ചാനൽ പരാതിപ്പെട്ടതിനെത്തുടർന്നാണ് പാട്ടിന്റെ ലിങ്ക് നീക്കം ചെയ്തത്. യൂടൂബിൽ അപ് ലോഡ് ചെയ്ത്
രണ്ടു ദിവസങ്ങൾക്കുള്ളിൽ ഒരുലക്ഷത്തോളം പേർ കാണുകയും ഹൃദയപൂർവ്വം സ്വീകരിക്കുകയും ചെയ്യുന്നതിനിടെയായിരുന്നു ഈ നടപടി . പ്രസിദ്ധ നിർമ്മാതാവും ഗാന രചയിതാവുമായ രാജീവ് ഗോവിന്ദന്റെ വരികൾക്ക് സംഗീതം പകർന്നത് രാഹുൽ രാജാണ്.. ഹരിചരണാണ് ഗാനം ആലപിച്ചത്. വാട്ടർ ബൗണ്ട് മീഡിയയ്ക്കായി പ്രശസ്ത പരസ്യ സംവിധായകൻ മഗേഷ് കൊല്ലേരി സംവിധാനം നിർവ്വഹിച്ച അഞ്ജലി പ്രാണാഞ്ജലി എസ്.പി ബി എന്ന മഹാഗായകന്റെ വേർപാടിൽ തരിച്ചുനിന്ന ആസ്വാദകരുടെ ഹൃദയസ്പന്ദനങ്ങളാണ് പ്രതിധ്വനിപ്പിക്കുന്നത്..
