ഓടിക്കൊണ്ടിരുന്ന ബസിലിരുന്നാണ് കണ്ടക്ടർ ആ കാഴ്ച കണ്ടത്. റോഡ് വക്കിൽ വയോധികന്റെ കൈ പിടിച്ച് ഒരു പെൺകുട്ടി നിൽക്കുന്നു. ബസ് അടുത്തെത്തിയപ്പോൾ അവൾ നിർത്തണമെന്ന് ആംഗ്യം കാട്ടുകയും വിളിച്ച് പറയുകയും ചെയ്തു. അൽപ്പം മുന്നിലേക്ക് പോയാണ് ബസ് നിന്നത്. വയോധികനെ വഴിയരികിൽ നിർത്തിയിട്ട് അവൾ ബസിന് പിന്നാലെ ഓടി. എവിടേക്കാണ് പോകുന്നതെന്ന് കണ്ടക്ടറോട് ചോദിച്ച് മനസിലാക്കി. വീണ്ടും തിരിച്ച് അന്ധനായ മനുഷ്യെൻറ അടുത്തേക്ക് ഒാടി. അദ്ദേഹത്തെ കൈപിടിച്ച് ബസിനടുത്തേക്ക് കൊണ്ടുവന്ന് വാതിൽ തുറന്ന് കയറ്റിവിട്ടു. അവളുടെ ഓട്ടങ്ങളും പ്രയത്നങ്ങളുമെല്ലാം തൊട്ടടുത്തുള്ള കെട്ടിടത്തിൽനിന്ന് ചിലർ വീഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണിപ്പോൾ.
