കേരളത്തിലും ഇന്ത്യയിലും ആരോഗ്യ സേവനരംഗത്ത് ഏറ്റവും അധികം ആളുകള്‍ ജോലി ചെയ്യുന്ന ഒരു മേഖലയാണ് നഴ്സിങ്. കേരളത്തില്‍ സ്വകാര്യ മേഖലയിലാണ് വലിയ ശതമാനം നഴ്സുമാരും ജോലി ചെയ്യുന്നത്. കേരളത്തില്‍ നിന്ന് തന്നെ പ്രതിവര്‍ഷം 10,000ല്‍ പരം വിദ്യാര്‍ത്ഥികള്‍ നഴ്സിങ് ഡിപ്ലോമയോ ബിരുദമോ നേടുന്നു. ഏതാണ്ട് അതിലധികം പേര് കേരളത്തിനു പുറത്തു നിന്നും പഠിച്ചിറങ്ങുന്നുണ്ട്. എന്നാല്‍ ആതുര സേവനരംഗത്ത് തികഞ്ഞ അര്‍പ്പണ ബോധത്തോടും ആത്മാര്‍ത്ഥതയോടും കൂടി നിര്‍ണായകമായ സേവനം നല്കുന്ന നഴ്സുമാര്‍ക്ക് സ്വകാര്യ മേഖലയില്‍ പലയിടത്തും അര്‍ഹതപ്പെട്ട വേതന വ്യവസ്ഥകളോ ജോലി സുരക്ഷയോ ലഭിക്കുന്നില്ല എന്നതാണ് വസ്തുത.
