വിസ്മയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ; പ്രസ്തുത ചിത്രത്തിൽ ഞാനും എൻ്റെ അച്ഛനും. സ്നേഹത്തിനു തൂക്കം അളക്കാൻ പറ്റാത്തതുകൊണ്ട് കുറച്ചു തൂക്കം കിട്ടാൻ പണവും ആഡംബരവും നോക്കി പോയി കൂടെയുണ്ടായിരുന്ന ആൾ പണി തന്നു. പോയതോ പോട്ടെ. നാട്ടിൽ ചുമ്മാ അപവാദം പറഞ്ഞു പരത്താനും ആള് നോക്കി, പക്ഷെ നാട്ടുകാർ സർവ്വജ്ഞർ ആയതുകൊണ്ട് അത് അങ്ങ് ഏറ്റില്ല. ഇനി അച്ഛനെ പറ്റി പറയുകയാണെങ്കിൽ സുന്ദരനും, സുശീലനും, സിംപിളും ഹംബിളും എന്നാൽ പവർഫുള്ളും.49 വയസ്സ്, Soft skills and meditation trainer,. ഇത്രേം സൗന്ദര്യവും കഴിവും സാമർഥ്യവും ഒക്കെ ദൈവം വാരിക്കോരി കൊടുത്തിട്ടും അങ്ങ് എവിടെയോ എത്തേണ്ടയാൾ ഇന്നും ഇവിടുന്ന് തിരിഞ്ഞു കളിക്കുന്നത് എങ്ങനെയാണെന്ന് ഒരു ന്യായമായ സംശയം ആർക്കെങ്കിലും ഉണ്ടാവാം. ഇവിടെയാണ് സഹൃദയരെ ‘നാം നന്നായാൽ പോരാ കൂടെയുള്ളവർ കാലുവാരരുത്’ എന്ന സിദ്ധാന്തം ഉടലെടുക്കുന്നത്. ഏതായാലും ഇപ്പോൾ ഞാനും അച്ഛനും നല്ല അടിപൊളിയായിട്ട് അങ്ങനെ ജീവിക്കുന്നു.

ഇനി കാര്യത്തിലേക്ക് കടക്കാം. അരോഗദൃഢഗാത്രനും, സൗമ്യനും, ബുദ്ധിസാമർഥ്യവും വൈഭവവും ഉള്ളവനും ഒക്കെ ആയ എൻ്റെ അച്ഛനെ ഇനി ഇങ്ങനെ ഒറ്റക്ക് വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ആയതിനാൽ പൂർവാധികം ശക്തിയോടെ മുന്നേറാനും ഞങ്ങടെ കൂടെ കൂടാനും താല്പര്യമുള്ള സുന്ദരികൾ നിന്നും ജാതി മത ഭേദമന്യേ വിവാഹാലോചനകൾ ക്ഷണിക്കുന്നു. എന്ന് മകൾ. ഒപ്പ് .