അശോകന്റെ വാക്കുകള്‍: മോഹന്‍ലാല്‍ എന്ന വ്യക്തിയെ കുറിച്ച് അദ്ദേഹത്തിന്റെ ക്ഷമയെ കുറിച്ച് അധികം ആര്‍ക്കും അറിയില്ല. തൂവാനത്തുമ്പികള്‍ ഷൂട്ടിങ് നടക്കുമ്പോള്‍ ചെറിയ അനുഭവം ഉണ്ടായിട്ടുണ്ട്. വടക്കുംനാഥ ക്ഷേത്രത്തില്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് നിയന്ത്രിക്കാന്‍ സാധിക്കാത്ത രീതിയില്‍ ജനങ്ങളായിരുന്നു. ക്ഷേത്രപരിസരം ആയതിനാല്‍ പൊലീസുകാര്‍ക്കുപോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു.
ബഹളം കാരണം ഷൂട്ടിങ് തടസപ്പെടുന്ന അവസ്ഥയുണ്ടായി. ഇടയ്ക്ക് മോഹന്‍ലാല്‍ പറയുന്നുണ്ട്. ആരും ബഹളം വയ്ക്കരുതെന്നും ഷൂട്ട് കഴിഞ്ഞാല്‍ താന്‍ വരുമെന്നും. എന്നാല്‍ ജനങ്ങള്‍ ആവേശം മൂത്ത് ബഹളം വെക്കുകയായിരുന്നു. ഒരു ഷോട്ട് എടുത്തുകഴിഞ്ഞ സമയത്ത് ജനക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ ഓടിവന്ന് മോഹന്‍ലാലിന്റെ കൈ വലിച്ചുകൊണ്ട് ഒരു തള്ള്.
തോളില്‍ കയ്യിടുകയും ഷര്‍ട്ടില്‍ പിടിക്കുകയുമൊക്കെ ചെയ്തു. മോഹന്‍ലാല്‍ ഞെട്ടിപ്പോയി. ദേഷ്യം വന്നിട്ട് മോഹന്‍ലാല്‍ ഓടാന്‍ തുടങ്ങിയ അവന്റെ കോളറില്‍ കയറി പിടിച്ചു. എന്താടാ ചെയ്തത് എന്ന് ചോദിച്ചു. അവന് നിന്ന് വിറക്കുകയായിരുന്നു അതിനൊപ്പം അവന്റെ മുഖത്ത് ഒരു സന്തോഷവും ഉണ്ടായി.
അപ്പോള്‍ അവന് പറഞ്ഞ് കൂട്ടുകാരുമായി പന്തയം വെച്ചാണ് താന്‍ വന്നത് എന്നായിരുന്നു. ലാലേട്ടന്റെ കൈയില്‍ തൊടാന്‍ പറ്റുമോ എന്നായിരുന്നു പന്തയം. ഇതു കേട്ടതോടെ മോഹന്‍ലാല്‍ കൂള്‍ ആയി, പെട്ടെന്ന് വന്ന ദേഷ്യം പെട്ടെന്ന് പോയി അവനെ സമാധാനിപ്പിച്ചാണ് പറഞ്ഞയച്ചത്.