,

വീൽ ചെയറിലിരുന്ന് ഭാവിയെക്കുറിച്ച് സ്വപ്നം കണ്ട എന്‍റെ പരിമിതികൾ മനസിലാക്കി എന്‍റെ കൂടെനിൽക്കുന്ന ആതിരയാണ് എന്റെ കരുത്ത് ; വൈറൽ കുറിപ്പ്.


സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കുറിപ്പ് ഇങ്ങനെ,പ്രണയാർദ്രമാണ് ഇന്നെന്റെ ജീവിതം. വീട്ടുകാരുടെ എതിർപ്പുകൾ വകവെയ്ക്കാതെ ജീവിത സഖിയായ ആതിരയാണ് എന്റെ സന്തോഷം. 2005 – ൽ നിലമ്പൂർ നാടുകാണി ചുരത്തിൽ വെച്ച് ഞാൻ സഞ്ചരിച്ചിരുന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞു. എന്റെ ജീവിതം കൂടി അതോടെ മാറിമറിയുകയായിരുന്നു. നട്ടെല്ലിന് പരിക്ക് പറ്റിയ എന്നെ അൽശിഫ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പിന്നീട് സർജറി ചെയ്തു. ശേഷം കമ്പി ഇട്ടു. കുറച്ചു ദിവസത്തെ ആശുപത്രി വാസത്തിനൊടുവിൽ വീട്ടിലേക്കയച്ചു. പൂർണ്ണമായും കിടപ്പിലായ അവസ്ഥയായിരുന്നു. അപകടത്തിനു മുൻപുള്ള സുനേഷല്ല അതിനു ശേഷമുള്ള ഞാൻ. എനിക്ക് നടക്കാനോ ഓടാനോ സാധിക്കില്ല. മനക്കരുത്ത് ചോരാതിരിക്കാൻ ഞാൻ നന്നേ പ്രയാസപ്പെട്ടു. തുടർച്ചയായുള്ള ഫിസിയോ തെറാപ്പിയിലൂടെ മൂന്നു വർഷത്തിനു ശേഷം പതിയെ ഇരിക്കാൻ സാധിച്ചു. അങ്ങനെ വീൽ ചെയറിലിരുന്ന് ഞാൻ ഭാവിയെക്കുറിച്ച് സ്വപ്നം കാണാൻ പഠിച്ചു. ഈ കാലയളവിൽ നിരവധി ആളുകൾ സഹായിച്ചിട്ടുണ്ട്. അതൊന്നും മറക്കാൻ കഴിയില്ല.

സ്നേഹത്തോടെ ഹൃദയത്തോട് ചേർത്തു നിർത്തിയവരെക്കുറിച്ചുള്ള ഓർമ്മകളാണ് ഉള്ളു നിറയെ. വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷമായി. എന്റെ അമ്മ നൽകിയ മൂന്ന് സെന്റ് സ്ഥലമാണ് ആകെയുള്ളത്. അവിടെ ഒറ്റമുറിയും ബാത്റൂമും പണിതു. അതൊരു വീടെന്ന് പറയാൻ പറ്റില്ല. അതെങ്കിലുമുള്ളത് വലിയ ആശ്വാസമാണ്. ആക്സിഡന്റ് സംഭവിച്ചതുകൊണ്ട് കിട്ടിയ ഇൻഷൂറൻസ് തുക കൊണ്ടാണ് ചെറിയ താമസ സൗകര്യം ഒരുക്കുവാനും ചികിത്സാ ചെലവിനും ഓട്ടോറിക്ഷ വാങ്ങിക്കുവാനും വീട്ടു ചെലവിനുമെല്ലാം കഴിഞ്ഞത്. വരുമാനമില്ലെങ്കിലും ചെലവി നൊട്ടും കുറവില്ലാത്ത കാലമായിരുന്നു. ചികിത്സയ്ക്ക് എത്ര പണമായെന്നതിന് കണക്കില്ല. അഞ്ചിലധികം സർജറികൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. ചില സംഘടനകളും സന്മനസുള്ളവരും എന്നെ സഹായിച്ചിട്ടുണ്ട്.

മറ്റുള്ളവരെ എന്നും ആശ്രയിച്ചു കഴിയുകയെന്നത് ഉള്ളുനീറുന്ന അവസ്ഥയായിരുന്നു. ചിന്തകൾക്കൊടുവിൽ സ്വന്തമായി വരുമാനം കണ്ടെത്തണമെന്ന തീരുമാനത്തിലേക്കെത്തി. പേപ്പർ പെൻ, പേപ്പർ ബാഗ്, കുട എന്നിവ നിർമ്മിക്കാൻ പരിശീലിച്ചു. ഏഴു മാസത്തോളമായി പേനയും പേപ്പർ ബാഗും വിൽപന ചെയ്താണ് വരുമാനം കണ്ടെത്തുന്നത്. മഴക്കാലമാകുമ്പോൾ കുട നിർമ്മാണവും ആരംഭിക്കും. ഉൽപന്നങ്ങൾ ആവശ്യമുള്ളവർ ഓർഡർ നൽകിയാൽ അതു വഴി കിട്ടുന്ന പണം ഞങ്ങൾക്ക് തെല്ലൊന്നുമല്ല ആശ്വാസം. സ്വന്തമായി ഓട്ടോറിക്ഷയുള്ളതുകൊണ്ട് എന്റെ യാത്രകൾക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നില്ല. വിവിധ സ്കൂളുകളിലേക്കും കോളേജുകളിലേക്കും പേനയും ബാഗും നിർമിക്കാനുള്ള പരിശീലനം നൽകാൻ അധികൃതർ ക്ഷണിക്കാറുണ്ട്. സ്ഥാപനങ്ങളിൽ പോകുന്നതും അറിവ് പകർന്നു നൽകുന്നതുമെല്ലാം എന്നിലെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.

പരിചയക്കാർ ഓട്ടോ യാത്രകൾക്ക് എന്നെ വിളിക്കാറുണ്ട്. എന്നും ഓർഡർ കിട്ടാറില്ലെങ്കിലും ആഴ്ചയിൽ കുറച്ച് ഓട്ടം കിട്ടും. അതെനിക്ക് ആശ്വാസമാണ്. അധ്വാനിച്ച് കുടുംബം പുലർത്തുന്നതിന്റെ സുഖം പറഞ്ഞറിയിക്കാൻ കഴിയില്ല. അതനുഭവിക്കുമ്പോഴാണ് ജീവിതത്തിന് മധുരം കൂടുന്നത്. എന്റെ പരിമിതികൾ മനസിലാക്കി കൂടെ ജീവിക്കാൻ തയാറായ ആതിരയാണ് എന്റെ കരുത്ത്. ജോലി ചെയ്തു കിട്ടുന്ന പണം എത്ര കുറവാണെങ്കിലും ഉള്ളതുകൊണ്ട് കഴിഞ്ഞുകൂടാൻ ഞങ്ങൾക്ക് സാധിക്കും. ഭക്ഷണത്തിനും മറ്റു ചെലവുകൾക്കും ഇപ്പോൾ പ്രയാസമില്ല. സ്വന്തമായി ഒരു വീട് വേണമെന്നത് വലിയ ആഗ്രഹമാണ്. എന്റെ അധ്വാനം കൊണ്ട് മാത്രം അതിനു സാധിക്കില്ല. സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഞാനുമെന്റെ കുടുംബവും.
സുനേഷ്:9746553352,കടപ്പാറഫീഷ.പി

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%