,

ശരീരത്തിൽ കൈവച്ച ശേഷം അവർ എന്നെ പിടിച്ച് തള്ളി, പിന്നീട് അസഭ്യങ്ങൾ: ആ രാത്രി നടന്നത്…ശ്രീലക്ഷ്മി അറയ്ക്കല്‍


രാത്രി ഒമ്പതരയായപ്പോഴാണ് ഞാനും രണ്ട് ആൺ സുഹൃത്തുക്കളും ശംഖുംമുഖം കടൽത്തീരത്ത് എത്തിയതും അവിടെയിരുന്ന് സംസാരിച്ച് തുടങ്ങിയതും. ആളുകൾ ഉള്ള സ്ഥലം നോക്കിയാണ് ഞങ്ങൾ ഒരിടത്ത് പോയിരുന്നത്. പ്രദേശം ഏതാണ്ട് വിജനമായപ്പോഴേക്കും പതിനൊന്നേ മുക്കാലിന് ഞങ്ങൾ തിരികെ പോകാനായി എഴുന്നേറ്റു. അപ്പോഴാണ് രണ്ട് പേർ ആ ഭാഗത്തേക്ക് കടന്നുവന്നത്. നിങ്ങളെന്തിനാ എഴുന്നേറ്റ് പോകുന്നത്, ഞങ്ങൾ വന്നതു കൊണ്ടല്ലേ, നിങ്ങളിവിടെ എന്താ ചെയ്തു കൊണ്ടിരുന്നത് എന്നൊക്കെയായിരുന്നു ചോദ്യം.ചേട്ടാ നിങ്ങളെന്താ ഈ സംസാരിക്കുന്നത് ഇവിടെയിരുന്ന് സംസാരിച്ച് കൂടെയെന്ന് ഞാൻ തിരികെ ചോദിച്ചു. പിന്നീട് വളരെ വൃത്തികെട്ട ഭാഷയിൽ അവർ സംസാരിക്കാൻ തുടങ്ങി. ലൈംഗിക ചുവയുള്ള അസഭ്യങ്ങളായിരുന്നു അവർ എനിക്കെതിരെ നടത്തിയത്. ഒരു സ്ത്രീ തിരിച്ച് മറുപടി പറയുമെന്ന് അവർ ഒട്ടും പ്രതീക്ഷിച്ച് കാണില്ല. അതാകും അവരെ കൂടുതൽ പ്രകോപിപ്പിച്ചത്. ഞങ്ങൾ വീട്ടിലേക്ക് പോകാനായി നടക്കാൻ തുടങ്ങിയപ്പോഴേക്കും അവർ പിന്നാലെ കൂടി. രണ്ട് പേ രണ്ട് പേരെന്നുളളത് എണ്ണം കൂടി കൂടി വന്നു. ശംഖുംമുഖം കൽമണ്ഡപത്തിന്റെ ഭാഗത്ത് എത്തിയപ്പോഴേക്കും എന്റെ ശരീരത്തിൽ കൈവച്ച ശേഷം അവർ എന്നെ പിടിച്ച് തള്ളി. അക്രമം വീഡിയോയിൽ എടുക്കാൻ ശ്രമിച്ച എന്റെ സുഹൃത്തിനെ അവർ കഴുത്തിന് കുത്തി പിടിച്ചു. തിരികെ വീട്ടിലെത്തി സുഹൃത്തുക്കളോട് കാര്യം പറഞ്ഞപ്പോഴാണ് ഇങ്ങനെ വിട്ടാൽ പറ്റില്ലെന്നും പൊലീസിൽ പരാതി നൽകണമെന്നും പറയുന്നത്.

കുറച്ച് മുതിർന്ന സുഹൃത്തുക്കളെ കൂടെ കൂട്ടി ഞങ്ങൾ ഒന്നരയോടെയാണ് പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്നത്. എത്തിയ ഉടൻ പരാതി ചോദിക്കുന്നതിന് പകരം നിങ്ങളിൽ ആരൊക്കെ മദ്യപിച്ചിട്ടുണ്ട് എന്നായിരുന്നു പൊലീസിന്റെ ചോദ്യം. പരാതി പറഞ്ഞപ്പോൾ എന്തിനാണ് ഈ സമയത്ത് അവിടെ പോയിരുന്നതെന്നായിരുന്നു ചോദ്യം. ”മക്കളെ ഈ സമയത്ത് പുറത്ത് വിടുമോ”യെന്ന് ചോദിച്ച് മുതിർന്ന സുഹൃത്തുക്കളോട് തട്ടികയറി. നമ്മുടെ തെറ്റ് കൊണ്ടാണ് ഈ പ്രശ്നങ്ങളൊക്കെ നടന്നതെന്നായിരുന്നു പൊലീസ് ഭാഷ്യം. സേവനം ലഭിക്കേണ്ട ഒരു സർക്കാർ സ്ഥാപനത്തിൽ നിന്ന് ഇത് ഒട്ടും പ്രതീക്ഷിച്ചതല്ല. ലഹരിയുടെ പുറത്താണ് കടൽത്തീരത്ത് സാമൂഹ്യവിരുദ്ധർ പ്രശ്നങ്ങൾ ഉണ്ടാക്കിയതെങ്കിൽ പൊലീസുകാർ സ്വബോധത്തോടെയാണ് മോശമായി പെരുമാറിയത്. ആരുടെ പെർമിഷൻ വാങ്ങിയിട്ടാണ് നിങ്ങൾ കടൽത്തീരത്ത് പോയതെന്നായിരുന്നു പൊലീസിന്റെ ചേദ്യം. എനിക്ക് 24 വയസായി. ഞാൻ ഇനി ആരുടെ പെർമിഷനാണ് വാങ്ങേണ്ടത് ?

തലസ്ഥാനം സുരക്ഷിതമല്ല തിരുവനന്തപുരം നഗരത്തിൽ നിന്ന് ഇതൊന്നും ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല. കണ്ണൂരിൽ നിന്ന് ഇവിടെയെത്തിയിട്ട് നാല് കൊല്ലമായി. രാത്രി ഞാൻ പലപ്പോഴും നഗരത്തിലൂടെ നടക്കാറുണ്ട്. സാമൂഹ്യനീതി വകുപ്പ് നടത്തിയ നൈറ്റ് വാക്കൊക്കെ കഴിഞ്ഞ് നഗരം സുരക്ഷിതമാണെന്ന് കൊട്ടിഘോഷിച്ചപ്പോൾ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. തിരുവനന്തപുരത്ത് മാത്രമല്ല സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ഈ പ്രശ്നങ്ങളുണ്ട്. നൈറ്റ് വാക്കിനിടെ പുരുഷന്മാരിൽ നിന്ന് നേരിട്ട ദുരനുഭവങ്ങളെപ്പറ്റി ബിന്ദു അമ്മിണിയും ജസ്‌ല മാടശേരിയും ദിയാ സനയുമെല്ലാം കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചത് നമ്മൾ കണ്ടതാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%