,

നട്ടെല്ലിനേറ്റ ക്ഷതം സുഖപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് ‘ചവിട്ടി ചികിത്സയില്‍’ എല്ല് വട്ടം ഒടിച്ചു, വ്യാജ വൈദ്യന്‍ മുങ്ങി, കൊറോണ വരെ ഭേദമാക്കുമെന്ന് അവകാശവാദം


നട്ടെല്ലിനേറ്റ ക്ഷതം സുഖപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് എത്തിയ ‘വ്യാജ വൈദ്യന്റെ’ ചികിത്സയില്‍ 51 കാരന്‍ ആശുപത്രിയില്‍. കോട്ടയം മുണ്ടക്കയം കൊമ്പുകുത്തി കുന്നിന്‍പുറത്ത് ശിവദാസ്(51) ആണ് മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവത്തില്‍ കുടുംബം പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. വ്യാജ വൈദ്യന്റെ ചികിത്സയില്‍ ശിവദാസിന്റെ വലതു കാലിന്റെ തുടയെല്ല് ഒടിയുകയും, ശരീരത്തിന് താഴോട്ട് ജനനേന്ദ്രീയത്തിന് ഉള്‍പ്പെടെ പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട് പാരമ്പര്യ-മര്‍മ്മാണി ചികിത്സകന്‍ എന്ന് സ്വയം പരിചയപ്പെടുത്തി എത്തിയ വ്യാജ വൈദ്യന്‍ ഏഴു ദിവസം കൊണ്ട് തിരുമ്മല്‍ ചികിത്സയിലൂടെ സുഖപ്പെടുത്തി തരാമെന്നായിരുന്നു അവകാശപ്പെട്ടത്. അട്ടപ്പാടിയില്‍ നിന്നാണെന്നും സുനില്‍ പി.എസ് എന്നാണെന്നുമാണ് ഇയാള്‍ വീട്ടുകാരോട് പറഞ്ഞത്. ആദ്യ ദിവസം ഇയാള്‍ക്കൊപ്പം ശാന്തിയമ്മാള്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ പ്രായമായ സ്ത്രീയും ഉണ്ടായിരുന്നു. ദക്ഷിണയായി 500 രൂപയും കൈ നിറയെ ചില്ലറയും വാരിയെടുത്താണ് ഇവര്‍ മടങ്ങിയത്. ഫെബ്രുവരി പകുതിയോടെയാണ് ഏഴു ദിവസത്തെ ചികിത്സ തുടങ്ങിയത്. ഒരു ദിവസം 2000 രൂപയാണ് ഇയാള്‍ ചികിത്സയ്ക്കായി ആവശ്യപ്പെട്ടത്. എന്നാല്‍ അത്രയും നല്‍കാനുള്ള നിവൃത്തി ഇല്ലെന്ന് വീട്ടുകാര്‍ പറഞ്ഞതോടെ 1500 രൂപയായി കുറച്ചു. തുടര്‍ന്ന് ആദ്യ ആറു ദിവസം തിരുമ്മുകയും ഏഴാം ദിവസം ചവിട്ടിത്തിരുമ്മുകയും ചെയ്തു. ചികിത്സയ്ക്കായി 11,000 രൂപയാണ് ശിവദാസിന്‍റെ കുടുംബം ഇല്ലായ്മയില്‍ നിന്നും വൈദ്യന് നല്‍കിയത്. ഈ ഒരാഴ്ചയ്ക്കാലം ഇയാള്‍ക്കുള്ള ഭക്ഷണവും വീട്ടുകാരാണ് നല്‍കി വന്നിരുന്നത്. ചവിട്ടിത്തിരുമ്മലിനിടെ വലതു കാലിന്റെ തുടയെല്ല് ഒടിഞ്ഞു.

അസഹനീയമായ വേദന ആകുകയും നീരു വന്ന് കാല്‍ വീര്‍ക്കുകയും ചെയ്തതോടെ ആശുപത്രിയില്‍ പോകാമെന്ന് വീട്ടുകാര്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ ഇടറിയത് മാത്രമാണെന്ന് പറഞ്ഞ് ഇയാള്‍ വീട്ടുകാരുടെ ആവശ്യം തള്ളി. എന്നാല്‍ കൂടുതല്‍ നിര്‍ബന്ധം പിടിച്ചതോടെ ഇയാളും ഇവര്‍ക്കൊപ്പം ആശുപത്രിയില്‍ എത്തി. ഡോക്‌റുടെ ക്യാബിനില്‍ കയറിയ ഇയാള്‍ ശിവദാസ് കട്ടിലില്‍ നിന്ന് വീണതാണെന്നാണ് പറഞ്ഞത്. എല്ലിനു പൊട്ടലുണ്ടെന്ന് പറഞ്ഞ് പ്ലാസ്റ്റര്‍ ഇട്ട് തിരികെ വീട്ടില്‍ എത്തിക്കുകയും ചെയ്തു. വീണ്ടും എല്ലാം സുഖപ്പെടുത്താമെന്ന് പറഞ്ഞ് ഇയാള്‍ ചികിത്സ തുടങ്ങി. പച്ചമരുന്നുകള്‍ പൊട്ടലുണ്ടായ ഭാഗത്ത് ഉള്‍പ്പെടെ പൊതിഞ്ഞു വയ്ക്കുകയായിരുന്നു. എന്നാല്‍ പച്ചമരുന്ന് കെട്ടിവച്ചതിനു ശേഷമാണ് നടുവിന് താഴോട്ട് സ്വാകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ പൊള്ളലേറ്റത്. ഇരു കാലിന്റെയും തുടകളിലും പൊള്ളലേറ്റ നിലയിലാണ്. കാലിനു ഓപ്പറേഷന്‍ നടത്തി കമ്പി ഇടണമെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞത്. നിര്‍ധന കുടുംബമാണ് ശിവദാസിന്റേത്. 2018 ഏപ്രിലില്‍ മരത്തില്‍ നിന്ന് വീണാണ് ശിവദാസിന് നട്ടെല്ലിനു ക്ഷതമേറ്റത്. തുടര്‍ന്ന് കിടപ്പിലായ ശിവദാസിന് ചികിത്സയിലൂടെ കാലിന്റെ ചലനശേഷി കുറേശ്ശേയായി തിരികെ കിട്ടി, ഒരാളുടെ സഹായത്തോടെ എഴുന്നേറ്റ് ഇരിക്കാനും മറ്റും സാധിച്ചു വരുന്നതിനിടെയാണ് പൂര്‍ണമായി സുഖമാക്കി തരാമെന്ന് പറഞ്ഞ് വ്യാജ വൈദ്യന്‍ എത്തുന്നത്. ഇയാള്‍ ഒളിവിലാണ്. ഇതിനിടെ ലോകമാകെ ഭീതി പടര്‍ത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരെയും തന്റെ കൈയില്‍ ചികിത്സ ഉണ്ടെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നുവത്രേ.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%