,

സത്യൻ സാർ, നയൻതാര എന്ന സത്യം സർ മറയ്ക്കുന്നു; സത്യന്‍ അന്തിക്കാടിനെതിരെ സംവിധായകന്‍


പ്രിയപ്പെട്ട സത്യൻ അന്തിക്കാട് സർ .. അങ്ങയുടെ സിനിമയുടെ സെറ്റിൽ വന്നു് നയൻതാരയ്ക്ക് ആ പേരുമിട്ട് സ്ലോമോഷനിൽ പോയയാളല്ല ഞാൻ. അങ്ങനെ ഒരവകാശവാദവും ഞാൻ ഉന്നയിച്ചിട്ടില്ല. ഒരു ക്രെഡിറ്റിനും ഞാൻ വന്നിട്ടുമില്ല. രണ്ട് ചോദ്യങ്ങൾക്കുത്തരം ഈ മറുപടിയിലും അങ്ങ് പറഞ്ഞില്ല.
പല സിനിമാ പ്രവർത്തകരുടെയും അടുത്ത് വിഷയം ചർച്ച ചെയ്യുകയും അങ്ങനെ സാറിന്റെ സെറ്റിൽ നിന്നു സ്വാമിനാഥൻ വന്ന് എ.കെ.സാജൻ സാറിനോട് പറയുകയും ചെയ്തു. സ്വാമിനാഥനെ സത്യൻ സാറിനറിയില്ലേ? സാറിന് ഈ പേര് ലഭിച്ചത് സ്വാമിനാഥനിൽ നിന്നല്ലേ? ഷീലാമ്മ പറഞ്ഞതല്ലേ സത്യം? കുറച്ചു പേരുകൾ കൊടുത്തിട്ട് സെലക്റ്റ് ചെയ്യാൻ പറഞ്ഞു. അങ്ങനെ ഷീലാമ്മ സെലക്റ്റ് ചെയ്തത്രേ… ഈ ലിസ്റ്റിൽ ഈ പേര് നിർദ്ദേശിക്കപ്പെട്ടതിനെക്കുറിച്ചാണ് എന്റെ പോസ്റ്റിൽ പറഞ്ഞത്..
മറ്റൊന്ന് ആ പോസ്റ്റിന്റെ പ്രേരണ അതൊന്നുമല്ല. 20 വർഷമായി മലയാള സിനിമയുടെ വഴിയിൽ ഞാനുമുണ്ടായിരുന്നു എന്ന് എന്നെത്തന്നെ ബോധ്യപ്പെടുത്താനായിരുന്നു .. ഓർമ്മപ്പെടുത്താനായിരുന്നു ആ കുറിപ്പ്. മറ്റൊന്ന് ആരാണ് ഈ ജോൺഡിറ്റോ എന്ന് സാർ ചോദിച്ചിരുന്നു. അതിനാൽ എന്നെ പരിചയപ്പെടുത്താം. ഏറെക്കാലം പത്രപ്രവർത്തകനായിരുന്നു. 3 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.


ഒന്ന് ഒരു കവിതാ സമാഹാരം;2007 ൽ തപസ്യയുടെ ദുർഗ്ഗാദത്ത പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. രണ്ടാമത്തേയും മൂന്നാമത്തേയും പുസ്തകം തത്ത്വചിന്തയാണ്. ഗവേഷണ ഫലമായി രചിച്ചതാണ്.
കൂടാതെ 2016 ൽ ഒരു സിനിമ ” സഹപാഠി 1975 ” തിരക്കഥയെഴുതി സംവിധാനം ചെയ്‌തു. അടിയന്തരാവസ്ഥക്കാലത്ത് രാജൻ കേസിലെ പ്രതി പുലിക്കോടൻ ഇക്കാലത്ത് സത്യം വെളിപ്പെടുത്തുന്നതായിരുന്നു പ്രമേയം. ഗൗരവമേറിയ രാഷ്ട്രീയവും ഭരണകൂട ഭീകരതയുമൊക്കെയായിരുന്നു ആ സിനിമയുടെ വിഷയം. അല്ലാതെ ഗഫൂർക്കാ ദോസ്തും
പൈങ്കിളി വീട്ടുകാര്യങ്ങളുമല്ലായിരുന്നു. സിനിമാ സംഘടനയായ മാക്റ്റയുടെ തുടക്കം മുതൽ അംഗമായിരുന്നു. ഇപ്പോഴും ആണ്.
ഇങ്ങനെയൊരു വിവാദമുണ്ടാക്കി ചുളിവിൽ ക്രെഡിറ്റ് നേടാൻ ശ്രമിക്കുന്നയാൾ എന്നൊരു ധ്വനി അങ്ങയുടെ മറുപടിയിലുണ്ട്.
ഒരിക്കലും അത്തരം താണ തരം പ്രവർത്തികൾ ഞാൻ ചെയ്യില്ല.
ഒരു ജീവിതകാലം മുഴുവൻ വായിച്ചും പഠിച്ചും പഠിപ്പിച്ചും എഴുതിയും സ്വസ്ഥമായി ആരാലുമറിയപ്പെടാതെ ജീവിക്കുന്നയാളാണ്. എന്തെങ്കിലും നേടാൻ വേണ്ടി മാറ്റിപ്പറയുകയോ ചേർത്തു പറയുകയോ ചെയ്യില്ല. തത്വചിന്താ പുസ്തകത്തിന്റെ പ്രത്യേകത അത് പോപ്പുലറാകില്ല. കാലത്തിന്റെ തികവിൽ, അതൊക്കെ അന്വഷിക്കുന്ന ഒരു തലമുറ വരും. അന്ന് എന്നെപ്പോലെ ഇരുളിലാണ്ടുപോയവരുടെ വാക്കുകൾ ഉയർത്തെഴുന്നേൽക്കും. അന്ന് സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ ‘കളെ കാലം അക്കരെ നിർത്തും. അലക്സാണ്ടർ ചക്രവർത്തി തത്വചിന്തകനായ ഡയോജനിസിനെ ക്കാണാൻ കോപാകുലനായിച്ചെന്നു. പല തവണ ആളയച്ചിട്ടും വരാത്തതിനാണ് നേരിട്ട് വന്നത്. അപ്പോൾ കടൽത്തീരത്ത് വെയിൽ കായുകയായിരുന്നു ഡയോജനിസ് .പിന്നിൽ വന്നു നിന്ന് അലക്സാണ്ടർ ആജ്ഞാപിച്ചപ്പോൾ ഡയോജനിസ് ശാന്തനായി പറഞ്ഞു. സൂര്യനെ മറക്കാതെ അപ്പുറത്തേക്ക് മാറി നിൽക്കു അലക്‌സാണ്ടർ എന്ന്. സത്യൻ സാർ സത്യത്തെ മറച്ചുവയ്ക്കുന്നു.
ആരോ ഒരാൾ നിർദ്ദേശിച്ചപേരാണ് പേരാണ് നയൻതാര എന്ന സത്യം സർ മറയ്ക്കുന്നു. ആ ഒരാൾ ഞാനാണ് എന്നാണ് തെളിവു സഹിതം പറഞ്ഞത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%