,

അച്ഛനു കൊടുത്ത വാക്ക് പാലിക്കാൻ കഴിഞ്ഞില്ല; മനസു തുറന്ന് ചിത്ര


പാടിയ പാട്ടുകളിലെല്ലാം പ്രതിഭയുടെ കയ്യൊപ്പു പതിപ്പിച്ചിട്ടുണ്ട് തെന്നിന്ത്യയുടെ വാനമ്പാടി കെ.എസ് ചിത്ര. പിന്നണി ഗാനരംഗത്ത് നാലു പതിറ്റാണ്ട് പിന്നിടുമ്പോൾ തന്റെ സംഗീതജീവിതത്തിൽ താങ്ങും തണലുമായി നിന്ന രണ്ടു വ്യക്തികളെക്കുറിച്ച് ചിത്ര മനസു തുറന്നു. അച്ഛൻ കൃഷ്ണൻ നായരും ഭർത്താവ് വിജയ് ശങ്കറും അവരുടെ ജീവിതം തന്നെ തന്റെ സംഗീതത്തിനായി സമർപ്പിച്ചവരാണെന്ന് പറയുകയാണ് ചിത്ര. എന്നാൽ, അച്ഛനു കൊടുത്ത ഒരു വാക്ക് തനിക്ക് പാലിക്കാൻ കഴിഞ്ഞില്ലെന്നും ചിത്ര വെളിപ്പെടുത്തി. ജസ്റ്റ് ഫോർ വിമൻ എക്സലൻസ് പുരസ്കാരവേദിയിലായിരുന്നു ചിത്രയുടെ തുറന്നു പറച്ചിൽ. കരിയറിന്റെ തുടക്കക്കാലത്ത് പിന്നണിഗായികയായി പേരെടുക്കണോ പഠനം മുന്നോട്ടു കൊണ്ടുപോകണോ എന്നതിൽ കടുത്ത ഒരു തീരുമാനം എടുക്കേണ്ട ഒരു സാഹചര്യം ചിത്രയ്ക്കുണ്ടായി. സിന്ധുഭൈരവി എന്ന ചിത്രത്തിനായി ഇളയരാജയുടെ ഈണത്തിൽ പാട്ടുകൾ പാടാൻ ചിത്രയെ വിളിച്ച സമയം. ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു ചിത്ര അപ്പോൾ. റെക്കോർഡിങ്ങിനു പോയാൽ പരീക്ഷ മുടങ്ങും. ഇളയരാജയുടെ പാട്ടുകൾ നഷ്ടപ്പെടുത്താനും വയ്യ. അത്തരമൊരു സാഹചര്യത്തിൽ അച്ഛനാണ് തന്നെ റെക്കോർഡിങ്ങിനു പോകാൻ നിർബന്ധിച്ചതെന്നു ചിത്ര വെളിപ്പെടുത്തി.

ചിത്രയുടെ വാക്കുകൾ ഇങ്ങനെ: ആ സമയത്ത് അച്ഛൻ എന്നോടു എം.എ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അതെനിക്ക് പാലിക്കാൻ കഴിഞ്ഞില്ല. രാജാ സർ ഒരു കാര്യം ആവശ്യപ്പെടുമ്പോൾ അതിനു കഴിയില്ല എന്നു പറയുന്നത് വളരെ തെറ്റാകുമെന്ന് അച്ഛൻ ഓർമ്മപ്പെടുത്തി. പരീക്ഷയൊക്കെ ഇനിയും എഴുതാം. രാജാ സാറിന്റെ വാക്കുകളെ ബഹുമാനിക്കണം. അദ്ദേഹത്തിന്റെ പാട്ടുകൾ എന്തായാലും പാടണമെന്ന് അച്ഛൻ പറഞ്ഞു. അത് എന്റെ ജീവിതത്തിൽ വലിയൊരു മാറ്റത്തിന് കാരണമായി. സിന്ധുഭൈരവിയിലെ പാട്ടുകളാണ് ചിത്രയ്ക്ക് ആദ്യത്തെ ദേശീയ പുരസ്കാരം നേടിക്കൊടുത്തത്. എന്നാൽ, അന്ന് എഴുതാൻ കഴിയാതിരുന്ന പരീക്ഷ പിന്നീട് എഴുതി എടുത്തോളാമെന്ന് അച്ഛന് വാക്കു കൊടുത്തിരുന്നു. അത് തനിക്ക് പാലിക്കാൻ കഴിഞ്ഞില്ലെന്നും ചിത്ര വെളിപ്പെടുത്തി. “എന്റെ തുടക്കക്കാലത്ത് അച്ഛൻ എനിക്ക് വേണ്ടി ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. അതിനുശേഷം എന്റെ ഭർത്താവ്! അദ്ദേഹം സ്വന്തം ജോലി രാജിവച്ച് എന്നോടൊപ്പം നിന്നു. എല്ലായിടത്തേക്കും അദ്ദേഹമാണ് എനിക്കൊപ്പം വരാറുള്ളത്. ഈ രണ്ടു പേരോടും എത്ര നന്ദി പറഞ്ഞാലും അധികമാകില്ല,” ചിത്ര പറഞ്ഞു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%