,

സഹോദരന്റെ മരണത്തില്‍ പക: കൊച്ചിയിൽ ‍യുവാവിനെ കൊന്നിട്ട് ചതുപ്പിൽ താഴ്ത്തി


കുമ്പളം∙ എറണാകുളം നെട്ടൂരിൽ യുവാവിനെ െകാന്ന് ചതുപ്പിൽ താഴ്ത്തി. കുമ്പളം മാന്നനാട്ട് വീട്ടിൽ എം.എസ്. വിദ്യന്റെ മകൻ അർജുനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അർജുന്റെ സുഹൃത്തുക്കളായ നാലുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നെട്ടൂര്‍ റെയില്‍വെ സ്റ്റേഷനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. നെട്ടൂരില്‍ കായലോരത്തെ കുറ്റിക്കാട്ടില്‍ ചെളിയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്. യുവാവിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പനങ്ങാട് പൊലീസിന് പരാതി നല്‍കിയിരുന്നു. അര്‍ജുന്റെ സുഹൃത്തുക്കളായ റോണി, നിപിന്‍ എന്നിവരെ സംശയിക്കുന്നതായി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികൾ ലഹരിക്കച്ചവട സംഘത്തിലെ അംഗങ്ങളാണെന്ന് സൂചന. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികളിൽ ഒരാള‍ുടെ സഹോദരന്റെ അപകട മരണത്തിന്റെ കാരണം അർജുൻ ആണെന്ന വിശ്വാസമാണ് കൊലപാതകത്തിനു പ്രേരണയായതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ വർഷം പ്രതികളിലൊരാളുടെ സഹോദരനൊപ്പം അർജുൻ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തിരുന്നു. കളമശേരിയിൽ വച്ച് അപകടത്തിൽ ബൈക്കോടിച്ചിരുന്നയാൾ മരിച്ചു. അർജുന് സാരമായി പരുക്കേറ്റിരുന്നു. അർജുൻ തന്റെ സഹോദരനെ കൊണ്ടു പോയി കൊന്നുകളഞ്ഞതായി മരിച്ചയാളുടെ സഹോദരൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അർജുനോടുണ്ടായ അടങ്ങാത്ത പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതികൾ പൊലീസിനോടു പറഞ്ഞു. സംഭവ ദിവസം പെട്രോൾ തീർന്നുവെന്ന കാരണം പറഞ്ഞ് അർജുനെ വിളിച്ചു വരുത്തി ക്രൂരമായി മർദിച്ച ശേഷം ചതുപ്പിൽ കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് പ്രതികൾ‌ സമ്മതിച്ചെന്നാണു സൂചന. പിടിയിലായവരിൽ ഒരാൾ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് എന്നാണു സൂചന. ഇയാളാണ് മർദനത്തിനു നേതൃത്വം കൊടുത്തത്. പട്ടിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. മറ്റൊരാൾ കല്ലുകൊണ്ടും തലയ്ക്കടിച്ചു. യുവാവിനെ കാണാതായ 2നു രാത്രി 10ന് വീട്ടിൽ നിന്നിറക്കി രണ്ടര മണിക്കൂറിനുള്ളിൽ കൃത്യം ചെയ്തതായാണു മൊഴി. അന്വേഷണം നടക്കുന്നതിനാൽ പൊലീസ് കൂടുതൽ വിവരം പുറത്തു വിട്ടില്ല. സംഭവത്തിൽ പൊലീസിനു വീഴ്ച പറ്റിയതായി അർജുന്റെ പിതാവ് വിദ്യൻ ആരോപിച്ചു. രണ്ടാം തിയതി മുതൽ യുവാവിനെ കാണാനില്ലെന്ന് കാണിച്ച് പനങ്ങാട് പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായി അന്വേഷിച്ചില്ല. ബുധനാഴ്ച ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഒരിക്കൽ കസ്റ്റഡിയിൽ എടുത്ത പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം പൊലീസ് വിട്ടയച്ചിരുന്നു. സ്വന്തം നിലയ്ക്ക് കേസ് അന്വേഷിക്കാൻ പൊലീസ് പറഞ്ഞതായും വിദ്യൻ ആരോപിക്കുന്നു.

What do you think?

-1 points
Upvote Downvote

Total votes: 1

Upvotes: 0

Upvotes percentage: 0.000000%

Downvotes: 1

Downvotes percentage: 100.000000%