,

രണ്ടാം വിവാഹ ശേഷം അമ്മ ആത്മഹത്യ ചെയ്തു, അമ്മയുടെ ഭർത്താവ് മകളുടെ സ്ഥാനത്തുള്ള യുവതിയെ വിവാഹം ചെയ്തു… പൊള്ളുന്ന കുറിപ്പ്


അമ്മയുടെ രണ്ടാം വിവാഹത്തിൽ‌ ബാല്യം തകർന്ന അനുഭവമാണ് മുംബൈയിൽ നിന്നുള്ള യുവതിക്ക് പങ്കുവെക്കാനുള്ളത്. ആദ്യഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയ ശേഷമാണ് അമ്മ രണ്ടാമത് വിവാഹം കഴിക്കുന്നത്. മറ്റുള്ളവരുടെ പരിഹാസത്തിൽ മനംനൊന്ത് അമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തു. പിന്നാലെ അമ്മയുടെ ഭർത്താവ് മകളുടെ സ്ഥാനത്തുള്ള യുവതിയെ വിവാഹം ചെയ്തു. പിന്നീട് നടന്നതിനെക്കുറിച്ചാണ് ഹ്യൂമൻസ് ഓഫ് ബോംബെയിലെ കുറിപ്പ് പറയുന്നത്. യാഥാസ്ഥിതിക മുസ്‍ലിം കുടുംബത്തിലാണ് ഞാൻ ജനിച്ചത്. എനിക്ക് പതിനൊന്ന് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ തമ്മില്‍ എന്നും വഴക്കിടുന്നത് കണ്ടിട്ടുണ്ട്. അധികം വൈകാതെ അവർ പിരിഞ്ഞു. വീണ്ടും വിവാഹം കഴിക്കാൻ അമ്മ തീരുമാനിച്ചു. മറ്റുള്ളവരെന്ത് പറയുമെന്ന് നോക്കാതെ തീരുമാനങ്ങളെടുക്കുന്ന സ്ത്രീയായിരുന്നു എന്റെ അമ്മ. ‌വിവാഹത്തിന് കുറച്ചുദിവസങ്ങൾക്ക് ശേഷം സഹോദരനൊപ്പം അമ്മ പുറത്തുപോയി. സമുദായത്തിലെ കുറച്ചംഗങ്ങൾ ചേർന്ന് ഇവരെ പരസ്യമായി ചോദ്യം ചെയ്തു. രണ്ടാം വിവാഹത്തിന്റെ പേരില്‍ അമ്മയുടെ പരിഹസിച്ചു, സ്വഭാവം ശരിയല്ലെന്ന് പരസ്യമായി പറഞ്ഞു. ഇത് അമ്മയെ തകർത്തു. അന്ന് രാത്രി അമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തു. ജീവിതത്തിൽ അഭിമുഖീകരിച്ച ഏറ്റവും പ്രയാസമേറിയ കാര്യം അതായിരുന്നു.

പക്ഷേ മുന്നോട്ടുപോയേ മതിയാകൂ എന്നതാണ് സാഹചര്യം. പിന്നാലെ അമ്മയുടെ ഭർത്താവ് എന്നെയും സഹോദരിയെയും വിവാഹം കഴിപ്പിച്ചയച്ചു. ഭർത്തൃവീട്ടുകാർ അവളെ സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചു. ഗര്‍ഭിണിയായിരിക്കുമ്പോൾ വിഷം കൊടുത്തു. അവളും പോയി. ഞാൻ തകർന്നുപോയി. എന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവരെന്ന് കരുതിയ രണ്ടുപേരാണ് പെട്ടെന്ന് ഇല്ലാതായത്. എന്റെ ജീവിതം ഇരുട്ടിലായ പോലെ തോന്നി. അധികം വൈകാതെ ഞാൻ ഗർഭിണിയായി. മകനുണ്ടായ ശേഷമാണ് ജീവിക്കണമെന്ന് ഞാൻ ആഗ്രഹിച്ചുതുടങ്ങിയത്. അതിനിടെ ഞാനും ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. മൂന്നാമത്തെ കുട്ടിയുടെ ജനനത്തിന് പിന്നാലെ പ്രശ്നങ്ങൾ വഷളായി. ഞങ്ങളുടെ കാര്യങ്ങൾ നോക്കാൻ അയാള്‍ക്ക് സമയമില്ലാതായി. എനിക്കൊപ്പം കിടക്ക പങ്കിടുക എന്ന ഒരൊറ്റ ഉദ്ദേശ്യമേ അയാൾക്കുണ്ടായിരുന്നുള്ളൂ. ആ ആവശ്യം കഴിഞ്ഞതോടെ അയാൾ മുത്തലാഖ് ചൊല്ലി എന്നെ ഉപേക്ഷിച്ചു. മൂന്ന് കുട്ടികളുമായി ഞാൻ വീടുവിട്ടു. തെരുവിൽ ഞാൻ ഒറ്റപ്പെട്ടു. മൂന്ന് വയറുകൾ നിറക്കണമായിരുന്നു എനിക്ക്. എങ്ങനെയൊക്കെയോ ഒരു ചെറിയ ബിരിയാണി സ്റ്റാൾ തുടങ്ങി. എന്നാൽ ബിഎംസി അധികൃതർ തടഞ്ഞു. എന്റെ ഭർത്താവ് ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയിരുന്നു. എന്തുകൊണ്ട് എനിക്കും റിക്ഷാ ഓടിച്ചുകൂടാ എന്ന് ചിന്തിച്ചു. സ്വരൂപിച്ച പണമെല്ലാം ചേർത്ത് ഒരു ഓട്ടോറിക്ഷാ വാങ്ങി. സമ്പാദിച്ചുതുടങ്ങിയതോടെ മറ്റ് ഓട്ടോറിക്ഷാ ഡ്രൈവർമാരും മറ്റും പരസ്യമായി അപമാനിക്കാൻ തുടങ്ങി. എന്റെ ഓട്ടം തടസ്സപ്പെടുത്താൻ പലതവണ ശ്രമിച്ചു. എന്നാൽ പിന്മാറാൻ ഞാൻ തയ്യാറായിരുന്നില്ല. ഒരു വർഷത്തോളമായി ഞാൻ ഓട്ടോ ഓടിക്കാൻ തുടങ്ങിയിട്ട്. എന്റെ കുട്ടികൾ പറയുന്നതെല്ലാം വാങ്ങിക്കൊടുക്കാൻ കഴിയുന്നുണ്ടെനിക്ക്. അവർക്ക് വേണ്ടി ഒരു കാർ വാങ്ങണമെന്നുണ്ട് എനിക്ക്. അതിനുവേണ്ടിയുള്ള പരിശ്രമത്തിലാണ്. ഓട്ടോയിൽ കയറുന്നവർ ചിലപ്പോൾ എന്നെ അത്ഭുതപ്പെടുത്തും. എന്റെ കഥയറിയുമ്പോൾ ചിലപ്പോൾ കയ്യടിക്കും, കണ്ണുനിറയും, കൂടുതല്‍ പണം തരും. എന്തും ചെയ്യാൻ കഴിവുള്ളവരാണ് സ്ത്രീകളാണ്. മറ്റുള്ളവർ തീരുമാനിക്കുന്നതിനനുസരിച്ചല്ല അവർ ജീവിക്കേണ്ടത്. എന്റെ അമ്മയും സഹോദരിയും അനുഭവിച്ചപോലെ നരകിക്കാൻ എനിക്ക് കഴിയില്ല. ഇന്ന് ഞാൻ ജീവിക്കുന്നത് എന്റെ കുട്ടികൾക്ക് വേണ്ടിയാണ്. എന്റെയീ ജീവിതം എനിക്കുവേണ്ടി മാത്രമല്ല, മിണ്ടാതെ സഹിക്കുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ്”- കുറിപ്പ് പറയുന്നു.

What do you think?

-1 points
Upvote Downvote

Total votes: 1

Upvotes: 0

Upvotes percentage: 0.000000%

Downvotes: 1

Downvotes percentage: 100.000000%