,

നൂറുകണക്കിനു പേരുടെ ജീവൻ രക്ഷിച്ച് മറ്റൊരു ലിനി ‘മാലാഖ’.


നൂറുകണക്കിനു പേരുടെ ജീവൻ രക്ഷിച്ച് മറ്റൊരു ലിനി ‘മാലാഖ’. റെയിൽവേ ട്രാക്കിനു കുറുകെ തെങ്ങ് കടപുഴകിവീണ വിവരം സ്റ്റേഷനിൽ അറിയിക്കാൻ ട്രാക്ക് വുമൺ പി.ലിനി മഴയത്തു നടത്തിയ ഓട്ടം നൂറുകണക്കിനു യ‍ാത്രക്കാരുടെ ജീവൻ രക്ഷിച്ചു. ലിനി നൽകിയ വിവരമനുസരിച്ച് അടിയന്തരമായി ഗതാഗതം നിർത്തിവയ്പ്പിക്കുമ്പോൾ ബെംഗളൂരു – എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് അപകടസ്ഥലത്ത് 75 മീറ്റർ അകലെ എത്തിയിരുന്നു. തൃശൂർ – പൂങ്കുന്നം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ദിവാൻജിമൂല മേൽപാലത്തിനു സമീപത്താണ് ഇന്നലെ വൈകിട്ട് 3.45ന് കനത്ത മഴയിൽ തെങ്ങ് കടപുഴകി വീണത്. സമീപത്ത് എൻജിനീയറിങ് വിഭാഗത്തിന്റെ വിശ്രമമുറിയിലിരിക്കുകയായിരുന്നു ട്രാക്ക് വുമൺ പാലക്കാട് നല്ലേപ്പിള്ളി പുത്തൻവീട്ടിൽ ലിനി. സ്ഫോടനസമാനമായ ശബ്ദവും പുകയും തീയും കണ്ട് ലിനി ഉടൻ‌ സ്റ്റേഷനിലേക്കു ട്രാക്കിലൂടെ മഴ നനഞ്ഞ് ഓടി. ഈ സമയം കുർള എക്സ്പ്രസ് തൃശൂർ സ്റ്റേഷനിൽ നിന്നു പുറപ്പെടാൻ നിൽക്കുകയായിരുന്നു. സ്റ്റേഷൻ മാനേജർ ജയകുമാറും സംഘവും ഉടൻ ട്രെയിൻ പിടിച്ച‍ിടാൻ നിർദേശം നൽകിയ ശേഷം പൂങ്കുന്നം സ്റ്റേഷനിൽ വിവരമറിയിച്ചു.

പൂങ്കുന്നത്തു സ്റ്റോപ്പ് ഇല്ലാത്ത ബെംഗളൂരു – എറണാകുളം ഇന്റർസിറ്റി പൂങ്കുന്നത്തേക്ക് അടുക്കുകയായിരുന്നു ഈ സമയം. ഉടൻ ലോക്കോ പൈലറ്റിനു നിർദേശം നൽകി വണ്ടി നിർത്തിച്ചു. ഇരു ട്രാക്കുകൾക്കും കുറുകെയാണ് തെങ്ങ് വീണത്. വൈദ്യ‍ുത കമ്പികൾ പൊട്ടുകയും ചെയ്തിരുന്നു. അഗ്നിരക്ഷാസേനയെത്തി തെങ്ങ് വെട്ടിമാറ്റി. ഒരു മണിക്കൂർ ട്രാക്കിൽ കിടന്ന ഇന്റർസിറ്റി എക്സ്പ്രസ് 4.55ന് തൃശൂരിലേക്കുനീക്കി. 5.25ന് ആണ് എറണാകുളം ദിശയിലേക്കുള്ള ഗതാഗതം പുനരാരംഭിക്കാനായത്. 6.25ന് ഷൊർണൂർ ഭാഗത്തേക്കുള്ള വണ്ടികളും പുനരാരംഭിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%